
ചരിത്രത്തിലേക്ക് ഉയരാന്‍ മൂവര്‍ണക്കൊടി, നാളെ വരക്കല്‍ മഖാമിലെത്തും
കുണിയ: ഇടത്ത് മാന്തളിര്‍ വര്‍ണത്തിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ചന്ദ്രക്കല, താഴെ പരന്നുകിടക്കുന്ന പച്ച, വലത്ത് തൂവെള്ള നിറത്തിനുള്ളില്‍ നീലവരകള്‍ കൊണ്ട് കോറിയിട്ട മദീന ഖുബ്ബയും. സമസ്തയുടെ ആദര്‍ശക്കൊടി ചരിത്രത്തിലേക്ക് ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നാളെ വൈകിട്ട് നാലിനു കോഴിക്കോട് വരക്കല്‍ മഖാമില്‍ വച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിക്കുന്ന സമസ്തയുടെ 100 കൊടികള്‍ ഏറ്റുവാങ്ങുക. തുടര്‍ന്ന് സിയാറത്ത് നടക്കും. സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ പതാകകള്‍ ഏറ്റുവാങ്ങും. സമസ്ത ട്രഷറര്‍ ഉമര്‍ മുസ്ലിയാര്‍ കൊയ്യോട്, വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, അറ്റാശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് സംബന്ധിക്കും. ചൊവ്വാഴ്ച വരക്കല്‍ മഖാമില്‍നിന്ന് പതാകകള്‍ കാസര്‍കോട് തളങ്കര മാലിക് ദീനാര്‍ മഖാമിലേക്ക് എത്തിക്കും. മഖാമിലെ സ്വീകരണവും സിയാറത്തിനും ശേഷം ബുധനാഴ്ച ഉച്ചക്ക് 2.30ന് തളങ്കരയില്‍ നിന്ന് കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറിലേക്ക് ഘോഷയാത്രയും വളണ്ടിയര്‍ റൂട്ട് മാര്‍ച്ചോടും കൂടി എത്തിക്കും. തുടര്‍ന്ന് സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക വാനിലേക്ക് ഉയര്‍ത്തും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷകസംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാക വാനിലേക്ക് ഉയര്‍ത്തും. കേരളീയ മുസ്‌ലിംങ്ങളെ ആത്മീയതയിലേക്ക് വഴിനടത്തിയ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയെന്ന പണ്ഡിത പ്രസ്ഥാനത്തിന്റെ ഒരു നൂറ്റാണ്ടിന്റെ ജൈത്രയാത്രയുടെ ഓര്‍മപ്പെടുത്തലാകുമിത്.