പഴമയുടെ പ്രൗഢി; പുതുമയുടെ അനുഭൂതി, അറിവനുഭവങ്ങളുടെ ചിറക് വിടര്‍ത്തി ഗ്ലോബല്‍ എക്‌സ്‌പോ

പഴമയുടെ പ്രൗഢി; പുതുമയുടെ അനുഭൂതി, അറിവനുഭവങ്ങളുടെ ചിറക് വിടര്‍ത്തി ഗ്ലോബല്‍ എക്‌സ്‌പോ

February 1, 2026 at 04:22 AMBy Suhba Admin

കുണിയ (കാസര്‍കോട്): അക്ഷരങ്ങള്‍ നിങ്ങളെ നോക്കി ചിരിക്കാറില്ലേ... അവ ചേര്‍ത്തുവച്ചൊരു വായന അനുഭൂതിയായി തോന്നാറില്ലേ... വചനപ്പൊരുള്‍ തേടി ആഴത്തിലുള്ള അന്വേഷണങ്ങളില്‍ മുത്തും പവിഴവും മരതകവും പെറുക്കിയെടുത്ത ഒരു തലമുറ കടന്നുപോയിരിക്കുന്നു മുന്നില്‍. അവര്‍ കൊളുത്തിവച്ച വെളിച്ചത്തിന്റെ പ്രഭയാണ് നൂറ്റാണ്ടുകാലത്തെ സമസ്തയുടെ സാംസ്‌കാരിക കരുത്ത്. ശതാബ്ദിയാഘോഷിക്കുന്ന സമസ്തയുടെ സന്ദേശ വിളംബരത്തെ പുതു തലമുറയിലേക്ക് കൈമാറ്റം ചെയ്യുകയാണ് ഗ്ലോബല്‍ എക്‌സ്‌പോ. കുണിയയില്‍ സമസ്ത സമ്മേളന നഗരിയോട് ചേര്‍ന്നൊരുക്കിയ എക്‌സ്‌പോയുടെ ഓരോ പവലിയനുകളിലും അറിവിന്റെയും ചിന്തയുടെയും വാതായനങ്ങളാണ് തുറന്നുവച്ചത്.

തനിമയും പുതുമയും

തനിമയുടെ പ്രൗഢിയെ പുതുമയുടെ സാധ്യതകളെ കൂടി ഉപയോഗപ്പെടുത്തി പരിചയപ്പെടുത്തിയ എക്‌സ്‌പോയില്‍ സമുദായം കടന്നുവന്ന വഴികളും പ്രയാണ വഴിയിലെ ജ്വലിക്കുന്ന ഏടുകളും പരിചയപ്പെടുത്തുന്നുണ്ട്.

ലോകത്തെ ശ്രദ്ധേയമായ സ്ഥാപനങ്ങള്‍, സംരംഭങ്ങള്‍, വ്യക്തിത്വങ്ങള്‍, മുസ്ലിം നാഗരികത വെളിച്ചം വിതറിയ ബൗദ്ധിക ഇടങ്ങള്‍ തുടങ്ങി ചരിത്രത്തിനു പ്രാധാന്യം നല്‍കുന്നു. ആറാം നൂറ്റാണ്ടിന്റെ നാഗരികതയില്‍ ഇസ്ലാമിക പ്രഭ പരത്തിയ ഹിറായുടെ വെളിച്ചം, സച്ചരിതരായ പണ്ഡിത പാരമ്പര്യം, കേരളീയ മുസ്ലിം ജ്ഞാനഭൂമികയൊരുക്കിയ താവഴി, ആദ്യ പത്തു പള്ളികളും ഖാസിമാരും, മഖ്ദൂമീ താവഴി, സാദാത്ത് - ഉലമ, സമസ്ത എന്ന ആശയ സമ്പന്നമായ പാതയിലൂടെ ആദര്‍ശ വിശുദ്ധിയുടെ അടയാളങ്ങള്‍ ബോധ്യപ്പെടുത്തുകയാണ് വിവിധ പവലിയനുകളിലെ കാഴ്ചകള്‍.

നിര്‍മിതികള്‍, ഡാറ്റാ പ്രദര്‍ശനം, ഡിസ്‌പ്ലേ, വിശദീകരണം, സംശയ നിവാരണം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്കും പഠിതാക്കള്‍ക്കും ഏറെ ഉപകാരപ്രദമായവിധം വിവര കൈമാറ്റമാണ് സ്റ്റാളുകളില്‍ നിന്ന് ലഭിക്കുന്നത്.

വഅള് പരമ്പര; നേര്‍ച്ചപ്പെട്ടി

നീട്ടിപ്പറയുന്ന വഅള് പരമ്പരകള്‍ കേട്ടാല്‍ ആരും ഇരുന്നുപോകും. ജീവിതലക്ഷ്യം, മരണം, പാരത്രികം തുടങ്ങി സവിസ്തരം പ്രതിബാധിക്കുന്ന പഴയകാല വഅളിന്റെ സദസിലാണ് നിങ്ങളിപ്പോള്‍. ആയത്തും ഹദീസും ഓതി ഉസ്താദ് നസ്വീഹത്ത് ( ഉപദേശം ) നല്‍കുന്നു. ഇടയ്ക്ക് തഴവയുടെ അല്‍ മവാഹിബുല്‍ ജലിയ്യയിലെ ഈരടികള്‍.

പഴയകാലത്തെ ആത്മിയാനുഭൂതി നല്‍കിയ ഉസ്താദിന്റെ വഅളാണ് ഇവിടെ ഉയര്‍ന്നുകേള്‍ക്കുന്നത്. പഴയകാല പണ്ഡിതരുടെ പ്രഭാഷണം സൗണ്ട് ബോക്‌സില്‍ ഉയര്‍ന്നുകേള്‍ക്കാം. റമദാനിലെ ഒരു തറാവീഹ് കഴിഞ്ഞ് ചൂട്ടും കത്തിച്ച് വഅള് കേള്‍ക്കാന്‍ പോയ കാലം തിരിച്ചുവന്ന പോലെ.

തൊട്ടപ്പുറത്ത് പ്രതാപമുള്ള മുസ്ലിം ഭവനം. ചാരുകസേരയിട്ട താഴ്‌വര. അകത്ത് മുഹിയിദ്ദീന്‍ മാല ഉയര്‍ന്നുകേള്‍ക്കുന്നു. പച്ചപ്പ് വിരിച്ച വയലോരം. മുന്‍വശത്ത് മാളികയുള്ള ഓടിട്ട പള്ളി. വഴിയില്‍ ഓമാനൂര്‍ ശുഹദാക്കളുടെ നേര്‍ച്ചപ്പെട്ടി മാതൃക. സൂഫീ ഇസ്ലാമിക മാതൃകയുടെ മുസ്‌ലിം ഗ്രാമീണ ചിത്രം. സന്ദര്‍ശകരുടെ മനം കവരുകയാണ് ഈ സ്റ്റാള്‍.

-

ഫത്ഹുല്‍ മുഈനിലൂടെ ജ്ഞാന ലോകത്തേക്ക്

ഇനി ജ്ഞാനമുന്നേറ്റത്തിന്റെ കാഴ്ചയിലേക്കാണ്. ഫത്ഹുല്‍ മുഈന്‍ ഗ്രന്ഥ മാതൃകയിലൂടെ അകത്തേക്ക് മാടിവിളിക്കുന്നു. പണ്ഡിത കേരളത്തിന്റെ മഹാ ശ്രേഷ്ഠര്‍ ശംസുല്‍ ഉലമയുടെ ഗുരുപരമ്പര, മദ്‌റസാ വിദ്യാഭ്യാസം, സമസ്ത കേരളാ ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിനെയും അതിന് കീഴിലുള്ള വിവിധ സംവിധാനങ്ങളും പരിചയപ്പെടുത്തുന്നു.

--

മനുഷ്യനെ കണ്ടെത്തുന്നു

മനുഷ്യ ജീവിതത്തിലെ മാല്‍സര്യ ലോകത്തുനിന്ന് ലക്ഷ്യബോധത്തിലേക്ക് വഴി പറയുന്ന കാഴ്ചകളും പറച്ചിലുകളുമാണ് ആത്മീയവഴി കാണിച്ചുതരുന്ന പവലിയനില്‍ നിന്ന് കേള്‍ക്കുന്നത്. അഭ്രപാളികള്‍ക്കപ്പുറത്തുനിന്ന് യാഥാര്‍ഥ്യങ്ങളുടെ കാഴ്ചകളെ കുറിച്ച് ഓര്‍പ്പെടുത്തുകയാണ് ഇവിടെ. നിസ്‌കാരം, സകാത്ത് തുടങ്ങി കര്‍മശാസ്ത്ര നിയമങ്ങള്‍ അധ്യാപനം നടത്തുന്നു.

samastha
expo
global expo
centenary
Back to News