
സമസ്ത ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നാഷണൽ ക്യാമ്പസ് വിംഗ് യൂണിറ്റ് സമ്മേളനങ്ങളുടെ ദേശീയതല ഉദ്ഘാടനം ഹൈദരാബാദിൽ
ഹൈദരാബാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നാഷണൽ ക്യാമ്പസ് വിംഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ദേശീയതല ഉദ്ഘാടനം ഇന്ന് ഹൈദരാബാദിലെ മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ നടന്നു. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് ജനറൽ സെക്രട്ടറി അബൂബക്കർ സിദ്ദീഖ് വാഫി സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡന്റ് സൽമാനുൽ ഫാരിസ് ഹസനി അധ്യക്ഷത വഹിച്ചു. എസ്.കെ.എസ്.എസ്.എഫ് ഹൈദരാബാദ് ചാപ്റ്റർ പ്രസിഡന്റ് റിയാസ് ഹുദവി സമ്മേളനം ഉദ്ഘാടനം ചെയ്തു.
സമസ്തയുടെ ശതാബ്ദി ആഘോഷങ്ങൾ മത, വിദ്യാഭ്യാസ, സാമൂഹിക മേഖലകളിലെ സംഘടനയുടെ ചരിത്രപരമായ സംഭാവനകൾ പുതുതലമുറയിലേക്ക് കൈമാറുന്നതിനുള്ള അവസരമാണെന്ന് റിയാസ് ഹുദവി പറഞ്ഞു. എസ്.കെ.എസ്.എസ്.എഫ് നാഷണൽ ക്യാമ്പസ് വിംഗ് ജനറൽ കൺവീനർ അബ്ദുറഹ്മാൻ ചണ്ഡീഗഡ് “ദേശീയതലത്തിലേക്കുള്ള സമസ്തയുടെ വ്യാപനം” എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സമസ്ത നടത്തുന്ന വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രവർത്തനങ്ങൾ ദേശീയതലത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നും, ക്യാമ്പസ് മേഖലകളിൽ ബൗദ്ധികവും ധാർമ്മികവുമായ നേതൃത്വ വളർത്തുന്നതിൽ നാഷണൽ ക്യാമ്പസ് വിംഗിന്റെ പങ്കും അദ്ദേഹം വിശദീകരിച്ചു.
എസ്.കെ.എസ്.എസ്.എഫ് നാഷണൽ ക്യാമ്പസ് വിംഗ് ട്രഷറർ ഹാദി മുഹമ്മദ് വിദ്യാർത്ഥി സമൂഹത്തിൽ അറിവ്, സംവാദം, സാമൂഹിക പ്രതിബദ്ധത എന്നിവ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി. നാഷണൽ ക്യാമ്പസ് വിംഗ് എക്സിക്യൂട്ടീവ് ഹാഫിദ് ആശംസ അറിയിച്ചു സംസാരിച്ചു. യൂണിറ്റ് ട്രഷറർ റാഷിദ് ഹസനി നന്ദിയും പറഞ്ഞു.