സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

സമസ്ത നൂറാം വാർഷികം; ഗ്ലോബല്‍ എക്‌സ്‌പോ- നാളെ മുതൽ

January 29, 2026 at 08:05 PMBy Suhba Admin

കുണിയ (കാസര്‍കോട്): സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി സര്‍ഗാത്മക ആവിഷ്‌കാരങ്ങളും വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങളും അടങ്ങിയ ഗ്ലോബല്‍ എക്‌സ്‌പോയ്ക്ക് നാളെ തുടക്കമാകും. കുണിയയില്‍ അഞ്ചര ഏക്കര്‍ സ്ഥലത്താണ് എക്‌സ്‌പോ നഗരി. നാളെ വൈകീട്ട് നാലിന് കര്‍ണാടക ഹജ്ജ് മന്ത്രി റഹീം ഖാന്‍ ഉദ്ഘാടനം ചെയ്യും. കാഴ്ചക്കാര്‍ക്ക് വിജ്ഞാനവും കൗതുകവും നല്‍കുന്ന എക്‌സ്‌പോയില്‍ 3നും ഫെബ്രുവരി ഒന്നിനും സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. രണ്ടു മുതല്‍ എട്ടുവരെ പ്രവേശനം പുരുഷന്മാര്‍ക്കാണ്.

വിശാലമായ 10 പവലിയനുകളിലൊന്നായ ഖാസി മുഹമ്മദ് സ്‌ക്വയറില്‍ ദിവസവും വൈകീട്ട് നാലു മുതല്‍ രാത്രി വരെ അന്തര്‍ദേശീയ, ദേശീയ മാപ്പിള കലകളുടെ അരങ്ങേറ്റവും വിവിധ വിഷയങ്ങളിലുള്ള പാനല്‍ ഡിസ്‌കഷനുകളും അരങ്ങേറും. വ്യത്യസ്ത കാഴ്ചകള്‍ മാത്രമല്ല, അന്തര്‍ദേശീയ, ദേശീയ മാപ്പിള കലകളുടെ പ്രകടനം, പാട്ടുകള്‍, സര്‍ഗാത്മകമായ ആവിഷ്‌കാരങ്ങള്‍, ഭൗതിക ചര്‍ച്ചകള്‍ എന്നിവ എക്‌സ്‌പോയെ സമ്പന്നമാക്കും. ഫെബ്രുവരി എട്ടുവരെ നടക്കുന്ന എക്‌സ്‌പോയില്‍ വിവിധ വിഷയങ്ങളില്‍ സംവാദങ്ങളും നടക്കും. ഫെബ്രുവരി ഒന്നുമുതല്‍ ഏഴുവരെ വൈകീട്ട് നാലിനാണ് പാനല്‍ ഡിസ്‌ക്ഷനുകള്‍.

ഒന്നിന് 'അറിഞ്ഞാണോ പഠിക്കുന്നത്', രണ്ടിന് ദേശാന്തര അടരുകള്‍, മൂന്നിന് കൊവിഡാനന്തര ആരോഗ്യം, നാലിന് ഇശല്‍ കേരളം, അഞ്ചിന് സൈന്‍ ഇന്‍, ആറിന് മനം മടുക്കാമോ, ഏഴിന് ഗ്ലോബല്‍ സഫര്‍ എന്നീ വിഷയങ്ങളില്‍ നടക്കുന്ന സംവാദങ്ങളില്‍ ഈ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. രണ്ടു മുതല്‍ ഏഴുവരെ യഥാക്രമം ബുര്‍ദ മജ്‌ലിസ്, ദഫ്മുട്ട്, ദ്വീപ് റാത്തീബ്, ഗസല്‍, ഖവാലി, അറബനമുട്ട്, ഇലല്‍ ഹബീബ്, ലഹ്നുല്‍ യമന്‍, അലിഫ് ലാം മീം, ഇന്റര്‍നാഷനല്‍ സൂഫി ഗീത്, ജ്‌ലിസുന്നൂര്‍, ഫനാഫില്ലാഹ്, മദ്ഹ് മാര്‍ഷപ്പ്, ഖിസ്സപ്പാട്ട്, ഇശല്‍, ആത്മഗീത്, മദ്ഹ് മാര്‍ഷപ്പ്, തൈ്വബ എന്നീ പരിപാടികള്‍ നടക്കും.

samastha centenary
global expo
Back to News